Tuesday 30 May 2017

പ്രണയലേഖനം

കാറ്റടിക്കുമ്പോൾ ഇലകൾക്ക് നൃത്തമാടുകയല്ലാതെ നിവൃത്തിയില്ല. കാറ്റൊന്നുറക്കെ വീശിയാൽ വീണുപോകുന്ന ഇലപോലെ, പ്രണയത്തിൽ വീണുപോയതും അറിയാതെ തന്നെയാണ്. കാറ്റും ഒരുതരത്തിലും പ്രതിയാകില്ല, ഇല വീഴുന്നതേ ഓർത്തല്ല കാറ്റടിക്കുന്നത്. നൈസർഗികതയുടെ സൗന്ദര്യമാണ് കാറ്റ്.
ചലനമറ്റ ഇലയ്ക്ക് തന്നെ ഒരിക്കൽ ഞെട്ടിപ്പിച്ച ആ പ്രതിഭാസത്തെ ആരാധനയോടെ നോക്കാനെ കഴിയൂ. ഒരില, അത് കാറ്റിന്റെ വഴിയിൽ ഒന്നുമാകില്ല. ആ ഇലയെ കാറ്റ് നിന്ന് ശ്രദ്ധിച്ചേ പോകാവൂ എന്ന പിടിവാശിയിലും കാര്യമില്ല. കാറ്റ് അതിന്റെ ദിശയിൽ തന്നെ ശക്തമായി വീശിയടിക്കും.
മുളം തണ്ടുകളിൽ പാട്ടുമൂളിക്കൊണ്ട്, അനേകം പൂക്കളുടെ സൗരഭ്യം പരത്തിക്കൊണ്ട്, അങ്ങനെയങ്ങനെ എല്ലാ അതിരുകളും കടന്ന് ഇന്ന് വീശിയ മരത്തിനരികെ ഒരിക്കൽക്കൂടി മന്ദമാരുതനായി നീ വീശിയേക്കാം. അന്ന് അഴുകി വേരിന് വളമായ ഇല ഒരു പൂവായി വിരിഞ്ഞ് നിൽക്കാൻ കൊതിക്കുന്നു. അപ്പോൾ ആ പൂവിനെ തഴുകി കടന്നുപോകുമ്പോൾ വീണുപോയ ഇലയേക്കൂടി ഓർമ്മിക്കുമോ?
വിരിയാൻ കഴിഞ്ഞില്ലെങ്കിലും ഒരു പുൽനാമ്പായെങ്കിലും ആ കാറ്റിനെ കാത്ത് ഞാനുണ്ടാകും. നിറഞ്ഞ മനസോടെ...

Monday 29 May 2017

കോമാളി

ബാലിശമായ നായകന്റെ നായികയായി ചോദ്യമില്ലാതെ
അവളെ പ്രഖ്യാപിച്ചതിൽ തുടങ്ങിയതാണീ നാടകം.
പ്രണയമെന്ന് വിളിച്ചുവച്ച പ്രഹസനം.

അളന്ന് മുറിച്ച് രണ്ടാം വട്ടവും ഒരാളെ കണ്ടെത്തി;
പറയാനുള്ള ജാള്യത്തിലൊളിപ്പിച്ച ഇംഗ്ലീഷ് വരികളിൽ
ആദ്യത്തെ പ്രണയലേഖനവും, ആദ്യത്തെ നിഷേധവും.

പിന്നീട് ഒറ്റനോട്ടത്തിൽ വീണുപോയപ്പോൾ തീർച്ചയായി:
ഇതല്ലാതെ മറ്റെന്താണിത്രകാലം തിരഞ്ഞത്?
അവളുടെ മറവികളിൽപ്പോലും ഉണ്ടാകുമോയെന്നറിയാതെ
മുഖം നോക്കി പറഞ്ഞു, മുഖം തിരിച്ചവൾക്ക് നടക്കാനായിമാത്രം.

മറഞ്ഞും തെളിഞ്ഞും പോയ ഒരോർമ്മയോടായി അതിനിപ്പുറം
നിശബ്ദതയിലൊളിപ്പിച്ച നിഷേധം മനുഷ്യരെ മനസിലാകാൻ
ബുദ്ധിമുട്ടിയ കൂട്ടത്തിൽ തിരിച്ചറിയാതെ കരിയിലയായി ആകാശംമുട്ടെ
പറന്നുപൊങ്ങി, പതിയെപ്പതിയെ നിലം പൊത്തി.

വീണ്ടുമൊരിക്കൽക്കൂടി സന്തുഷ്ടനായ മണ്ടനായി...
പ്രതീക്ഷാരഹിതമായ  നീണ്ട കഥകളിലെ കോമാളിയായി...
നിശാകാശത്തിനുകീഴിലെ ശാന്തിക്കായി.