Monday 30 October 2017

പടിഞ്ഞാറൻ ചക്രവാളത്തിലെ സൂര്യൻ

തനിക്കറിയാമായിരുന്നോ, എന്നും
സൂര്യനസ്തമിച്ചിരുന്നത് എന്റെ ജനലിനെ നോക്കി
പുഞ്ചിരിച്ചുകൊണ്ടായിരുന്നു!
എനിക്കറിയില്ലായിരുന്നു.
അടച്ചുപൂട്ടി ഒരു മൂലയിൽ ഒതുങ്ങിക്കൂടുമ്പോൾ
കണ്ണുകൾ മുറുക്കിയടയ്ക്കുമ്പോൾ
ഒന്നോ രണ്ടോ ചുവടുകൾക്കപ്പുറത്ത്
പരാജയപ്പെടുന്ന നിമിഷം വരെ
പ്രശോഭിച്ചുകൊണ്ട്
തളരുമ്പോൾ പോലും വർണ്ണം വിതറിക്കൊണ്ട്
അവിടെത്തന്നെ ഉണ്ടായിരുന്നു.
ഞാനറിയാതെ,
എന്റെ ലോകം എന്നും തിളങ്ങുന്നുണ്ടായിരുന്നു.

Friday 25 August 2017

സാധാരണം

അർത്ഥങ്ങളൊളിക്കുന്ന അനന്തതകൾ തിരഞ്ഞ്
ശൂന്യതയിലൊളിക്കാനായിരുന്നു യാത്രകളിതുവരെ.
അജ്ഞതയുടെ മാറ്റൊലിയില്ലാത്ത മതിലുകളിൽ
അവ്യക്തതകൾ വിളിച്ചുകൂവിക്കൊണ്ട്,
പൊതുവഴി പോകാതെ പുതുവഴി തെളിക്കാൻ
വളഞ്ഞു മൂക്കിൽ പിടിച്ചുകൊണ്ട്,
പാതിവെന്ത ചിന്തകളാൽ അനന്തതയുടെ ചിത്രം വരഞ്ഞ്
അതിരില്ലായ്മകൾക്ക് അതിർവരമ്പുകളിട്ടുകൊണ്ട്.
ചക്രവാളത്തിനപ്പുറം, ഞാൻ വളച്ചുകെട്ടിയ ഗോളത്തിനപ്പുറം
തിരിയുമ്പോൾ പോകുന്ന സൂര്യനുണ്ടായിരുന്നു.
കണ്ണുടക്കാൻ അസ്തമയം വേണ്ടിവന്നു,
രാത്രിയും.
സ്വന്തം മനസിൽ കെട്ടിയിടപ്പെടുമ്പോഴും,
സ്വന്തം ലോകം താഴേക്ക് വലിക്കുമ്പോഴും,
പുതിയ പരിധികൾ മിന്നിത്തിളങ്ങും.
വെറും നക്ഷത്രങ്ങൾ.

Tuesday 30 May 2017

പ്രണയലേഖനം

കാറ്റടിക്കുമ്പോൾ ഇലകൾക്ക് നൃത്തമാടുകയല്ലാതെ നിവൃത്തിയില്ല. കാറ്റൊന്നുറക്കെ വീശിയാൽ വീണുപോകുന്ന ഇലപോലെ, പ്രണയത്തിൽ വീണുപോയതും അറിയാതെ തന്നെയാണ്. കാറ്റും ഒരുതരത്തിലും പ്രതിയാകില്ല, ഇല വീഴുന്നതേ ഓർത്തല്ല കാറ്റടിക്കുന്നത്. നൈസർഗികതയുടെ സൗന്ദര്യമാണ് കാറ്റ്.
ചലനമറ്റ ഇലയ്ക്ക് തന്നെ ഒരിക്കൽ ഞെട്ടിപ്പിച്ച ആ പ്രതിഭാസത്തെ ആരാധനയോടെ നോക്കാനെ കഴിയൂ. ഒരില, അത് കാറ്റിന്റെ വഴിയിൽ ഒന്നുമാകില്ല. ആ ഇലയെ കാറ്റ് നിന്ന് ശ്രദ്ധിച്ചേ പോകാവൂ എന്ന പിടിവാശിയിലും കാര്യമില്ല. കാറ്റ് അതിന്റെ ദിശയിൽ തന്നെ ശക്തമായി വീശിയടിക്കും.
മുളം തണ്ടുകളിൽ പാട്ടുമൂളിക്കൊണ്ട്, അനേകം പൂക്കളുടെ സൗരഭ്യം പരത്തിക്കൊണ്ട്, അങ്ങനെയങ്ങനെ എല്ലാ അതിരുകളും കടന്ന് ഇന്ന് വീശിയ മരത്തിനരികെ ഒരിക്കൽക്കൂടി മന്ദമാരുതനായി നീ വീശിയേക്കാം. അന്ന് അഴുകി വേരിന് വളമായ ഇല ഒരു പൂവായി വിരിഞ്ഞ് നിൽക്കാൻ കൊതിക്കുന്നു. അപ്പോൾ ആ പൂവിനെ തഴുകി കടന്നുപോകുമ്പോൾ വീണുപോയ ഇലയേക്കൂടി ഓർമ്മിക്കുമോ?
വിരിയാൻ കഴിഞ്ഞില്ലെങ്കിലും ഒരു പുൽനാമ്പായെങ്കിലും ആ കാറ്റിനെ കാത്ത് ഞാനുണ്ടാകും. നിറഞ്ഞ മനസോടെ...

Monday 29 May 2017

കോമാളി

ബാലിശമായ നായകന്റെ നായികയായി ചോദ്യമില്ലാതെ
അവളെ പ്രഖ്യാപിച്ചതിൽ തുടങ്ങിയതാണീ നാടകം.
പ്രണയമെന്ന് വിളിച്ചുവച്ച പ്രഹസനം.

അളന്ന് മുറിച്ച് രണ്ടാം വട്ടവും ഒരാളെ കണ്ടെത്തി;
പറയാനുള്ള ജാള്യത്തിലൊളിപ്പിച്ച ഇംഗ്ലീഷ് വരികളിൽ
ആദ്യത്തെ പ്രണയലേഖനവും, ആദ്യത്തെ നിഷേധവും.

പിന്നീട് ഒറ്റനോട്ടത്തിൽ വീണുപോയപ്പോൾ തീർച്ചയായി:
ഇതല്ലാതെ മറ്റെന്താണിത്രകാലം തിരഞ്ഞത്?
അവളുടെ മറവികളിൽപ്പോലും ഉണ്ടാകുമോയെന്നറിയാതെ
മുഖം നോക്കി പറഞ്ഞു, മുഖം തിരിച്ചവൾക്ക് നടക്കാനായിമാത്രം.

മറഞ്ഞും തെളിഞ്ഞും പോയ ഒരോർമ്മയോടായി അതിനിപ്പുറം
നിശബ്ദതയിലൊളിപ്പിച്ച നിഷേധം മനുഷ്യരെ മനസിലാകാൻ
ബുദ്ധിമുട്ടിയ കൂട്ടത്തിൽ തിരിച്ചറിയാതെ കരിയിലയായി ആകാശംമുട്ടെ
പറന്നുപൊങ്ങി, പതിയെപ്പതിയെ നിലം പൊത്തി.

വീണ്ടുമൊരിക്കൽക്കൂടി സന്തുഷ്ടനായ മണ്ടനായി...
പ്രതീക്ഷാരഹിതമായ  നീണ്ട കഥകളിലെ കോമാളിയായി...
നിശാകാശത്തിനുകീഴിലെ ശാന്തിക്കായി.

Tuesday 18 April 2017

അല്ല

ഞാനൊരു കവിയല്ല
വലിയ ഗണിതപ്രതിഭയല്ല
കഠിനാധ്വാനിയുമല്ല
മനക്കട്ടിയുള്ളവനല്ല
മഹാബുദ്ധിമാനല്ല
വാഗ്മിയല്ല, പ്രാസംഗികനും.
വിശ്വസിക്കാവുന്ന സുഹൃത്തല്ല
നല്ലൊരു കാമുകനല്ല
നല്ലൊരു മകനുമല്ല.

ഞാന്‍, ഒരു ഭാവനാജീവിയാണ്;
മാറ്റാരും കാണാത്തത് മാത്രം കാണുന്ന,
ഉളളത് കാണാതെ പോകുന്ന
ഒരു സ്വപ്നജീവി.

ഞാന്‍, ഒരു വിമര്‍ശകനാണ്;
 ആര്‍ക്കും കാണാത്ത തിരുത്തുകള്‍
സ്വന്തം വാക്കുകളില്‍ ഒഴികെ,
കണ്ടുപിടിക്കുന്ന വികടകവി.

ഞാന്‍, ഒരു കുട്ടിയാണ്;
ആര്‍ക്കും വേണ്ടി മുതിരാത്ത,
മുതിരുമ്പോള്‍ പൊട്ടിത്തെറിക്കുന്ന
ഒരു 100 കിലോ ഭാരമുള്ള കുട്ടി.

അല്ലാത്തത് ആകാനോ
ആയത് അല്ലാതാക്കാനോ
എനിക്കറിയില്ല...!

ഞാന്‍ ഞാനാകുന്നത് എന്നിലേക്ക്
എന്നെപ്പോലെ വീഴുന്ന,
പ്ലൂട്ടോയേയും ഷാരോണെയും പോലെ
പരസ്പരം ചുറ്റുന്ന
മറ്റൊന്ന് ഞാനാകുമ്പോള്‍ മാത്രമാണ്.

ഞാന്‍ ഞാനാകുന്നത്
സൃഷ്ടിയിലാണ്.

അല്ലാത്തപ്പോള്‍
ഞാന്‍ തന്നെ ഞാന്‍ അല്ല.

Wednesday 8 March 2017

ആജ്ഞം

അനക്കം തന്നെയുണ്ടോ?
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എന്തോ...
ഓറഞ്ചുനിറം.
നീണ്ടൊരു വാല്‍.
അതിന്റെ തലയില്‍ വല്ലതുമുണ്ടോ ആവോ?
വര വരച്ചപോലെ ഒരു മേഘം നീങ്ങുന്നു???
തിരിച്ചറിവിന്റെ തുടക്കം സന്ദേഹത്തില്‍ നിന്നത്രേ!

അത് പറക്കുന്ന അനന്തയിലേക്ക്
ഓടിയടുക്കാനും ചാടിപ്പിടിക്കാനും തോന്നി.*
ആ ഓട്ടത്തില്‍, ചാട്ടത്തില്‍ പറന്നുയര്‍ന്ന്
അജ്ഞതയുടെ പുകമറയില്‍ കൈയ്യിട്ടുനോക്കാന്‍!

തിരിച്ചറിവും അറിവില്ലായ്മയും
സുന്ദരമായിരുന്ന കാര്യം മറന്നിരുന്നു...

ഒരുപിടിയും കിട്ടാത്ത,
ഒരുതരത്തിലും എനിക്ക് പിടിതരാത്ത
"മേഘമേ"...
നന്ദി.

ഒരിക്കല്‍ക്കൂടി
എന്നെ അവര്‍ണ്ണനീയമായ ആ അനുഭൂതിയില്‍
പറത്തിവിട്ടതിന്.



*വസ്തുത: ഞാന്‍ ചാടി, പലവട്ടം!