Friday 25 August 2017

സാധാരണം

അർത്ഥങ്ങളൊളിക്കുന്ന അനന്തതകൾ തിരഞ്ഞ്
ശൂന്യതയിലൊളിക്കാനായിരുന്നു യാത്രകളിതുവരെ.
അജ്ഞതയുടെ മാറ്റൊലിയില്ലാത്ത മതിലുകളിൽ
അവ്യക്തതകൾ വിളിച്ചുകൂവിക്കൊണ്ട്,
പൊതുവഴി പോകാതെ പുതുവഴി തെളിക്കാൻ
വളഞ്ഞു മൂക്കിൽ പിടിച്ചുകൊണ്ട്,
പാതിവെന്ത ചിന്തകളാൽ അനന്തതയുടെ ചിത്രം വരഞ്ഞ്
അതിരില്ലായ്മകൾക്ക് അതിർവരമ്പുകളിട്ടുകൊണ്ട്.
ചക്രവാളത്തിനപ്പുറം, ഞാൻ വളച്ചുകെട്ടിയ ഗോളത്തിനപ്പുറം
തിരിയുമ്പോൾ പോകുന്ന സൂര്യനുണ്ടായിരുന്നു.
കണ്ണുടക്കാൻ അസ്തമയം വേണ്ടിവന്നു,
രാത്രിയും.
സ്വന്തം മനസിൽ കെട്ടിയിടപ്പെടുമ്പോഴും,
സ്വന്തം ലോകം താഴേക്ക് വലിക്കുമ്പോഴും,
പുതിയ പരിധികൾ മിന്നിത്തിളങ്ങും.
വെറും നക്ഷത്രങ്ങൾ.