Tuesday 18 April 2017

അല്ല

ഞാനൊരു കവിയല്ല
വലിയ ഗണിതപ്രതിഭയല്ല
കഠിനാധ്വാനിയുമല്ല
മനക്കട്ടിയുള്ളവനല്ല
മഹാബുദ്ധിമാനല്ല
വാഗ്മിയല്ല, പ്രാസംഗികനും.
വിശ്വസിക്കാവുന്ന സുഹൃത്തല്ല
നല്ലൊരു കാമുകനല്ല
നല്ലൊരു മകനുമല്ല.

ഞാന്‍, ഒരു ഭാവനാജീവിയാണ്;
മാറ്റാരും കാണാത്തത് മാത്രം കാണുന്ന,
ഉളളത് കാണാതെ പോകുന്ന
ഒരു സ്വപ്നജീവി.

ഞാന്‍, ഒരു വിമര്‍ശകനാണ്;
 ആര്‍ക്കും കാണാത്ത തിരുത്തുകള്‍
സ്വന്തം വാക്കുകളില്‍ ഒഴികെ,
കണ്ടുപിടിക്കുന്ന വികടകവി.

ഞാന്‍, ഒരു കുട്ടിയാണ്;
ആര്‍ക്കും വേണ്ടി മുതിരാത്ത,
മുതിരുമ്പോള്‍ പൊട്ടിത്തെറിക്കുന്ന
ഒരു 100 കിലോ ഭാരമുള്ള കുട്ടി.

അല്ലാത്തത് ആകാനോ
ആയത് അല്ലാതാക്കാനോ
എനിക്കറിയില്ല...!

ഞാന്‍ ഞാനാകുന്നത് എന്നിലേക്ക്
എന്നെപ്പോലെ വീഴുന്ന,
പ്ലൂട്ടോയേയും ഷാരോണെയും പോലെ
പരസ്പരം ചുറ്റുന്ന
മറ്റൊന്ന് ഞാനാകുമ്പോള്‍ മാത്രമാണ്.

ഞാന്‍ ഞാനാകുന്നത്
സൃഷ്ടിയിലാണ്.

അല്ലാത്തപ്പോള്‍
ഞാന്‍ തന്നെ ഞാന്‍ അല്ല.