Friday 11 November 2016

എഴുത്ത്

എഴുതുന്നത് എന്തിനാണ്?

ചിലതൊക്കെ ഉള്ളില്‍ കെട്ടിക്കിടക്കുന്നത്
പേടിച്ചിട്ടാണ് എഴുതുന്നത് എന്ന് തോന്നാറുണ്ട്.
എഴുതണം എന്ന് തോന്നുമ്പോള്‍
എഴുതാന്‍ കഴിയുകയേയില്ല...
എഴുത്ത് തനിയെ വരികയാണ്,
ഞാനല്ല നിയന്ത്രിക്കുന്നത്.

അറിഞ്ഞുകൂട.

ഇതെങ്കിലും എഴുതിയില്ല എങ്കില്‍
എനിക്ക് സ്വയം ബാക്കി വയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല.

Monday 26 September 2016

എഴുത്തുകൾ

വെള്ളാരം കല്ലിൽ കോറിയ
എന്റെ പേരിന്റെ ആദ്യാക്ഷരങ്ങളോ
എന്നെ അറിയിക്കാനുള്ള കുറിപ്പുകളോ
ഞാനറിഞ്ഞ ഉദ്ദരണികളോ
പലവട്ടം പുഴയിലെറിഞ്ഞിട്ടുണ്ട്.
മുങ്ങാം കുഴിയിട്ട്, ഒരു സന്ദേശത്തിന്
കാത്തിരുന്നിട്ടുമുണ്ട്...
ആശയവിനിമയമല്ല,
ഒരു ദിശയിലേക്ക്
തോന്ന്യാസങ്ങളുടെ ഒഴുക്ക്.
ഒരിക്കൽ പോലും മലമുകളിൽ നിന്ന്
ഒരു കല്ലുപോലും തേടിയെത്തിയില്ല.

പക്ഷേ,
ഊളിയിടാതിരിക്കലാകും
തുറിച്ച് നോക്കാതിരിക്കലാകും
തേടി വരുന്നത്
കാണാൻ വേണ്ടത്.

Tuesday 23 August 2016

നിഴൽ

"The stronger the light, the darker the shadow."
- Tetsuya Kuroko, Kuroko no Basket

ഒരായിരം തവണ പറഞ്ഞുകേട്ടതാണ്:
ഇരുട്ടില്ലാതെ പ്രകാശമില്ല.
ദുഃഖമില്ലാതെ സുഖമറിയില്ല.
വിശപ്പില്ലാതെ രുചിയറിയില്ല.

പക്ഷേ, നിഴലിൽ നിൽക്കുമ്പോഴെ
ഈ പഴമ്പാട്ടിന്റെ അർത്ഥം മനസിലാകൂ...

വെളിച്ചം തെളിഞ്ഞ് കാണുമ്പോൾ.

Saturday 20 August 2016

കാണാത്തത്

അനന്തതയിലേക്ക് കണ്ണോടിക്കുമ്പോൾ
ആരും കാണുന്നത് നക്ഷത്രങ്ങളാകും...
തെളിഞ്ഞും മിന്നിയും ദൃഷ്ടി കവരുന്ന
പ്രകാശക്കുത്തുകൾ; വാതകഗോളങ്ങൾ!

പക്ഷേ, അതിനിടയിൽ കാണുന്നത്...
ഇരുട്ട്,
എവിടെ നിന്ന് വന്നു?

Saturday 13 August 2016

ഡോപ്ലര്‍ പ്രഭാവം*

അകന്നുപോകുന്നതും
അടുത്തുവരുന്നതും തമ്മില്‍
നിറത്തിലും സ്വരത്തിലും മാറ്റമുണ്ട്.
പക്ഷേ,
കണ്ണെത്താ ദൂരത്ത്
നിശബ്ദമായി
ഒരു പൊട്ട് മാത്രം കാണുന്നു.
അടുത്തേക്കോ?
അകലെക്കോ!?

*Doppler effect എന്നതിന്‍റെ മലയാളം പരിഭാഷ.